ലോകകപ്പ് ജേതാക്കൾക്ക് ലഭിച്ച 125 കോടിയിൽ നിന്ന് സഞ്ജു സാംസണ് എത്ര ലഭിക്കും, മുഴുവൻ ഡീറ്റെയിൽസ്
Sanju Samson and team to share Rs 125 crore reward: 17 വർഷത്തിന് ശേഷം വീണ്ടും ഐസിസി ടി20 കിരീടം ഉയർത്തിയ ഇന്ത്യൻ ടീമിന് വലിയ പാരിതോഷികം ആണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടൂർണമെന്റിലെ വിജയിയായ ടീമിന് ഐസിസി കൊടുക്കുന്ന സമ്മാനത്തുകയുടെ 6 മടങ്ങിലധികം ആണ് ബിസിസിഐ പ്രഖ്യാപിച്ചത്. 20 കോടി രൂപയാണ് ടൂർണമെന്റ് ജേതാക്കൾക്ക് ഐസിസി നൽകിയത്.
എന്നാൽ, രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച ടീമിന് 125 കോടി രൂപയാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ആണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, സഞ്ജു സാംസൺ ഉൾപ്പെടെ ഓരോ കളിക്കാർക്കും എത്ര തുക ലഭിക്കും എന്ന് അറിയാൻ മലയാളികൾക്കിടയിൽ ആകാംക്ഷയുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു വ്യക്തത വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് പ്രകാരം, നിലവിൽ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്ന 125 കോടി രൂപ,
15 അംഗ ഇന്ത്യൻ സ്‌ക്വാഡിനും, നാല് റിസർവ് താരങ്ങൾക്കും, പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ഏകദേശം പതിനഞ്ചോളം അംഗങ്ങൾ വരുന്ന സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വീതിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ ഓരോ അംഗങ്ങൾക്കും അഞ്ച് കോടി രൂപയെങ്കിലും ലഭിക്കും. അതേസമയം റിസർവ് താരങ്ങൾക്കും,
സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും മിനിമം ഒരു കോടി രൂപ വീതം ലഭിക്കും. ഈ വേളയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്സർക്കർ 1983-ലെ ലോകകപ്പ് വിജയിച്ച ടീമിന് ലഭിച്ച പ്രതിഫലം ഓർമിപ്പിക്കുകയുണ്ടായി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് നേട്ടത്തിന് അർഹരായ ഇന്ത്യൻ ടീമിന് 25,000 രൂപയാണ് പ്രതിഫലമായി ലഭിച്ചത്. അക്കാലം വെച്ചു നോക്കുമ്പോൾ, തീർച്ചയായും ആ തുകക്ക് ഇന്നത്തെ കോടികളുടെ മേനിയുണ്ട്.