അദ്ദേഹം ശരിയാണെന്ന് ഞങ്ങൾ തെളിയിച്ചു!! ടീമിൻ്റെ ചരിത്ര നേട്ടത്തിൽ അഭിമാനംകൊണ്ട് റാഷിദ് ഖാൻ
Rashid Khan proud of Afghanistan’s historic achievement : ടി20 ലോകകപ്പ് 2024-ന്റെ സൂപ്പർ 8 മത്സരങ്ങൾ അവസാനിച്ചതോടെ സെമി ഫൈനൽ ലൈൻ അപ്പ് ആയിരിക്കുകയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ആണ് സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. എന്നാൽ, ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ ചില മുൻ ക്രിക്കറ്റ് താരങ്ങൾ അവരുടെ ടോപ് ഫോർ പ്രവചിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ്,
അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. മുൻ ഇന്ത്യൻ താരങ്ങളായ അമ്പാടി റായിഡു, ശ്രീശാന്ത്, മുഹമ്മദ് കൈഫ്, സുനിൽ ഗവാസ്കർ എന്നിവരെല്ലാം അവരുടെ ടോപ് 4 പ്രവചിച്ചപ്പോൾ, ആരും തന്നെ അഫ്ഗാനിസ്ഥാന് സാധ്യത കൽപ്പിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങൾ മാത്രമല്ല, ഇംഗ്ലീഷ് ഇതിഹാസം പോൾ കോളിംഗ്വുഡ്, ഓസ്ട്രേലിയൻ ഇതിഹാസങ്ങളായ മാത്യു ഹയ്ഡൻ, ആരോൺ ഫിഞ്ച്, ടോം മൂഡി, മുൻ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ്
എന്നിവർ ഒന്നും തന്നെ അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ഇന്ത്യ സെമി ഫൈനലിൽ ഉണ്ടാകും എന്ന് പ്രവചിച്ചപ്പോൾ, ഭൂരിഭാഗം പേരും മറ്റു സാധ്യത കൽപ്പിച്ചിരുന്നത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ ടീമുകൾക്ക് ആയിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ പേരുകളാണ് ശ്രീശാന്ത് പ്രവചിച്ചിരുന്നത്. എന്നാൽ, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, ഇന്ത്യ – ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസ് – അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ എത്തും എന്ന്,
Rashid Khan said "The only guy who put us in the Semi final was Lara, I told him earlier that we won't let you down". pic.twitter.com/hqlrX6PtK4
— Johns. (@CricCrazyJohns) June 25, 2024
ലോകകപ്പ് ആരംഭിക്കുന്ന ഘട്ടത്തിൽ പ്രവചിച്ചിരുന്നു. ഇപ്പോൾ സെമി ഫൈനലിൽ പ്രവേശിച്ച ശേഷം അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഞങ്ങൾ സെമിഫൈനലിൽ എത്തുമെന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാൻ ലാറയാണ്, ഞങ്ങൾ അത് ശരിയാണെന്ന് തെളിയിച്ചു. മത്സരത്തിന് മുമ്പ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘ഞങ്ങൾ നിങ്ങളെ നിരാശരാക്കില്ല. ഞങ്ങൾ അത് പൂർത്തിയാക്കുകയും നിങ്ങൾ ശരിയാണെന്ന് തെളിയിക്കുകയും ചെയ്യും.’ ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു.” ദക്ഷിണാഫ്രിക്ക ആണ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാന്റെ എതിരാളികൾ.