എംഎസ് ധോണി ഇന്ത്യയുടെ പുതിയ പരിശീലകൻ!! വിരാട് കോഹ്‌ലിയോട് അടുത്ത വ്യക്തിയുടെ പ്രതികരണം
Indian cricket team coach MS Dhoni: ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ പരിശീലകനെ തേടുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കായിക ലോകത്ത് നിറഞ്ഞു നിൽക്കുന്നതാണ്. ഇതിനായി താല്പര്യമുള്ളവർക്കായി അപേക്ഷിക്കാൻ ബിസിസിഐ അവസരം നൽകിയിരുന്നു. തിങ്കളാഴ്ച (മെയ് 27) ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഇപ്പോൾ, അപേക്ഷിക്കാനുള്ള തീയതി അവസാനിച്ചിരിക്കുകയാണ്.
ഇന്ത്യക്കാരും അല്ലാത്തവരും ആയി നിരവധി പേരുകൾ ആണ് അപേക്ഷകരുടെ പട്ടികയിൽ ഉള്ളതായി പറഞ്ഞു കേൾക്കുന്നത്. എന്നാൽ, അപേക്ഷകരോ ബിസിസിഐയോ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വരുത്തിയിട്ടില്ല. ആരൊക്കെയാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത് എന്ന കാര്യം ബിസിസിഐ സസ്പെൻസ് ആയി നിലനിർത്തുകയാണ്. ഇതിനിടെ ഇപ്പോൾ,
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാർ ശർമ ഒരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. വിദേശ പരിശീലകർക്കൊപ്പം മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ പേരാണ് അടുത്ത ഇന്ത്യൻ ടീം പരിശീലകനായി നിലവിൽ പറഞ്ഞു കേൾക്കുന്നത്. അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംസ് ധോണിയുടെ പേരാണ് രാജ്കുമാർ ശർമ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്.
“ഇന്ത്യൻ പരിശീലക സ്ഥാനത്തിനായി ആരൊക്കെയാണ് അപേക്ഷിച്ചിരിക്കുന്നത് എന്ന കാര്യം ആദ്യം അറിയേണ്ടിയിരിക്കുന്നു. ഒരു ഇന്ത്യക്കാരൻ കോച്ച് ആയി വരണം എന്നാണ് എന്റെ ആഗ്രഹം. മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്ന് (നിലവിൽ ഐപിഎൽ മാത്രമാണ് കളിക്കുന്നത്) വിരമിക്കൽ പ്രഖ്യാപിക്കുകയാണെങ്കിൽ, ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള ഒരു മികച്ച ഓപ്ഷൻ ആണ് അദ്ദേഹം. അദ്ദേഹം ഒരുപാട് വലിയ ടൂർണമെന്റുകൾ വിജയിച്ചിട്ടുള്ള കളിക്കാരനാണ്,” രാജ്കുമാർ ശർമ ക്രിസിറ്റ് പ്രെഡിക്റ്റാ എന്ന പ്രോഗ്രാമിൽ പറഞ്ഞു.