Nitish Kumar Reddy Joins Elite Club with Maiden Test Hundred at MCG

ഓസ്‌ട്രേലിയയിൽ ചരിത്ര സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഡി, സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന എലൈറ്റ് പട്ടികയിൽ ഇടം

Nitish Kumar Reddy joins elite club with maiden test hundred at MCG: ബോർഡർ ഗവാസ്‌കർ ട്രോഫി സീരിസിലെ നാലാം ടെസ്റ്റ് മത്സരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുമ്പോൾ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ പൊരുതുകയാണ്. ആതിഥേയരായ ഓസ്ട്രേലിയ ഉയർത്തിയ 474 റൺസിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ, മത്സരത്തിന്റെ മൂന്നാം ദിനം

മൂന്നാം സെഷൻ പുരോഗമിക്കുമ്പോൾ 358/9 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി യുവ താരം നിതീഷ് കുമാർ റെഡ്ഡി സെഞ്ച്വറി നേടി. മത്സരത്തിൽ ഓപ്പണർ യഷസ്വി ജയിസ്വാൾ (82) അർദ്ധ സെഞ്ച്വറി നേടിയത് ഒഴിച്ചു നിർത്തിയാൽ, ടോപ് ഓർഡർ ബാറ്റർമാർ ആരും തന്നെ വലിയ സംഭാവന നൽകിയില്ല. വിരാട് കോഹ്ലി (36), കെഎൽ രാഹുൽ (24), ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവർ ചെറിയ സംഭാവനകൾ നൽകിയപ്പോൾ, ക്യാപ്റ്റൻ രോഹിത് ശർമ്മ (3) തികഞ്ഞ പരാജയമായി. ഒടുവിൽ എട്ടാം വിക്കറ്റിൽ

നിതീഷ് കുമാർ റെഡ്ഡിയും വാഷിംഗ്‌ടൺ സുന്ദറും (50) ചേർന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. 127 റൺസ് പാർട്ണർഷിപ്പിന് ഒടുവിൽ, അർദ്ധ സെഞ്ച്വറി തികച്ച വാഷിംഗ്‌ടൺ സുന്ദറിനെ സ്പിന്നർ നഥാൻ ലിയോൺ മടക്കി. എന്നാൽ, ഓസ്ട്രേലിയൻ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് നിതീഷ് കുമാർ റെഡ്ഡി ഇപ്പോഴും ക്രീസിൽ തുടരുന്നു. 176 പന്ത് നേരിട്ട 21-കാരനായ നിതീഷ് കുമാർ റെഡ്ഡി, 10 ഫോറും ഒരു സിക്സും സഹിതം 105* റൺസ് ഇതിനോടകം നേടിക്കഴിഞ്ഞു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിലും അദ്ദേഹം ഇടം നേടി. ഓസ്ട്രേലിയയിൽ ഇന്ത്യക്കായി കന്നി ടെസ്റ്റ്‌ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരുടെ പട്ടികയിൽ 

21 വയസ്സും 216 ദിവസവും പ്രായമുള്ള നിതീഷ് കുമാർ റെഡ്ഡി മൂന്നാമനായി. 18 വയസ്സും 256 ദിവസവും പ്രായം ഉണ്ടായിരുന്നപ്പോൾ 1992-ൽ സിഡ്നിയിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ സെഞ്ചുറി ആണ് ഈ പട്ടികയിൽ ഒന്നാമത്. 21 വയസ്സും 92 ദിവസവും പ്രായത്തിൽ, 2019-ൽ സിഡ്നിയിൽ ഋഷഭ് പന്തും സെഞ്ച്വറി നേടി. 1948-ൽ അഡ്ലൈഡിൽ ദത്തു ഫദ്കർ തന്റെ 22-ാം വയസ്സിൽ നേടിയ സെഞ്ച്വറിയുടെ റെക്കോർഡ് മറികടന്നാണ്, നിതീഷ് കുമാർ റെഡ്ഡി ഇപ്പോൾ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.