അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ മോഹൻലാൽ

Mohanlal Honored with Akshatham from Ayodhya’s Sri Rama Temple

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം, മലയാള സിനിമ മേഖലയിലെ പ്രമുഖ വ്യക്തികൾക്ക് നൽകി വരികയാണ്. സിനിമ മേഖലയിൽ നിന്നുള്ള നടന്മാരായ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം സ്വീകരിച്ചിരുന്നു.

ഇപ്പോൾ, മലയാളികളുടെ പ്രിയനടൻ മോഹൻലാൽ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങിയിരിക്കുകയാണ്. സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങിയത്. ഭാരതീയ ജനത പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആയ കെ സുരേന്ദ്രൻ ആണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ അറിയിച്ചത്.

മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ചതിനൊപ്പം, അദ്ദേഹം ഇങ്ങനെ കുറിച്ചു “സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ നടൻ ശ്രീ. മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങി.” Mohanlal honored with Akshatham from Ayodhya’s Sri Rama Temple

മോഹൻലാലിന്റെ സിനിമ വിശേഷങ്ങളിലേക്ക് വന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘നേര്’ തിയേറ്ററുകളിൽ വലിയ വിജയമായി മാറിയിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ ആണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം, ജനുവരി 25-ന് തിയേറ്ററുകളിൽ എത്തും. മോഹൻലാൽ സംവിധാനം ചെയ്ത ‘ബറോസ്’ ഉൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളാണ് ഈ വർഷം റിലീസിന് ഒരുങ്ങുന്നത്.