മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി വിട വാങ്ങി
Actress R Subbalakshmi passed away : നടി സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് സുബ്ബലക്ഷ്മി. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്മി, കർണാട്ടിക് സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു.
പരേതനായ കല്യാണകൃഷ്ണൻ ആണ് സുബ്ബലക്ഷ്മിയുടെ ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് മക്കൾ ആണ് ഉള്ളത്. ഇളയ മകൾ താര കല്യാൺ അഭിനേതാവ്, നർത്തകി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിയാണ്. അഭിനയ ജീവിതത്തിലേക്ക് എത്തുംമുമ്പ്, ജവഹർ ബാലഭവനിലെ സംഗീത – നൃത്ത ഇൻസ്ട്രക്ടർ ആയി സുബ്ബലക്ഷ്മി ജോലി ചെയ്തിട്ടുണ്ട്. ശേഷം, ഓൾ ഇന്ത്യ റേഡിയോയിലും പ്രവർത്തിച്ചു.
ഓൾ ഇന്ത്യ റേഡിയോയുടെ ചരിത്രത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിത കമ്പോസർ ആണ് സുബ്ബലക്ഷ്മി. സിനിമയ്ക്ക് പുറമേ ടെലിഫിലിമുകളിലും, ആൽബങ്ങളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത 2002-ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്മി സിനിമ അരങ്ങേറ്റം കുറിച്ചത്. ശേഷം, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി
തുടങ്ങിയ ഭാഷകളിലായി 75ൽ അധികം സിനിമകളിൽ സുബ്ബലക്ഷ്മി അഭിനയിച്ചു. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഉൾപ്പെടെ ചില സിനിമകളിൽ പിന്നണി ഗായികയായും സുബ്ബലക്ഷ്മി തന്റെ കഴിവ് തെളിയിച്ചു. ഇതിനെല്ലാം പുറമേ, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ അനേകം ടെലിവിഷൻ പരമ്പരകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും സജീവ മുഖമായിരുന്നു സുബ്ബലക്ഷ്മിയുടേത്. സിനിമയുടെ മുത്തശ്ശിയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്.
Read Also: മുത്തച്ഛന്റെ മാറിൽ ചേർന്ന് കിടക്കുന്ന ഈ താരസുന്ദരി ആരാണെന്ന് മനസ്സിലായോ