മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് സന്തോഷ ദിനം!! വേദനകൾ മറന്ന് ഉള്ളറിഞ്ഞ് ചിരിച്ച് കെഎസ് ചിത്ര
KS Chithra 37th wedding anniversary: ഇന്ത്യൻ സിനിമയുടെ മെലഡി ക്യൂൻ, മലയാളികളുടെ വാനമ്പാടി കെഎസ് ചിത്ര ഇന്ന് തന്റെ ജീവിതത്തിൽ ഒരു വിശേഷ ദിവസം ആഘോഷിക്കുകയാണ്. ഇന്ന് (ഫെബ്രുവരി 8) ചിത്രയുടെ 37-ാം വിവാഹ വാർഷികമാണ്. തന്റെ വ്യക്തിജീവിത വിശേഷങ്ങൾ അധികമൊന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രകൃതക്കാരി അല്ല ചിത്ര. എന്നിരുന്നാലും,
ചിത്രയും കുടുംബം മലയാളികൾക്ക് പരിചിതമാണ്. കൂടാതെ, ചിത്രയുടെ കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർ എപ്പോഴും തൽപരരാണ്. 1987-ലായിരുന്നു ചിത്രയുടെ വിവാഹം. എഞ്ചിനീയറും ബിസിനസ്മാനുമായ വിജയശങ്കർ ആണ് ചിത്രയുടെ ഭർത്താവ്. സിനിമ പിന്നണി സംഗീത ലോകത്തും, സ്റ്റേജ് പ്രോഗ്രാമുകളിലും, ടെലിവിഷനിലും ചിത്ര സജീവമാണെങ്കിലും, വിജയശങ്കർ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ അധികം പ്രത്യക്ഷപ്പെടാറില്ല.
അതേസമയം, ചിത്രയുടെ ബാക്ബോൺ ആണ് വിജയശങ്കർ. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഇന്നേക്ക് 37 വർഷങ്ങൾ പൂർത്തിയാവുകയാണ്. ദമ്പതികൾക്ക് ഒരു മകൾ ഉണ്ടായിരുന്നു, 2011-ൽ ഒരു അപകടത്തിൽ നന്ദന എന്ന അവരുടെ ഏക മകൾ മരണപ്പെടുകയായിരുന്നു. മകളുടെ ജന്മവാർഷികങ്ങളിലും, ഓർമ്മ ദിവസത്തിലും ചിത്ര തന്റെ സോഷ്യൽ മീഡിയയിൽ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഒരു കുറിപ്പ് എഴുതാറുണ്ട്.
തിരുവനന്തപുരം സ്വദേശിനിയാണ് ചിത്ര. സ്കൂൾ അധ്യാപകനും സംഗീത പ്രേമിയുമായ കൃഷ്ണൻ നായരുടെയും മ്യൂസിക് അധ്യാപികയായ ശാന്തകുമാരിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ ആളായിയാണ് ചിത്രയുടെ ജനനം. ചിത്രയുടെ മൂത്ത സഹോദരി കെഎസ് ബീനയും മലയാള പിന്നണി സംഗീത ലോകത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇളയ സഹോദരൻ കെഎസ് മഹേഷും സംഗീതജ്ഞൻ ആണ്.