“വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ ചരിത്ര നിയോഗമായി രാഹുൽ ദ്രാവിഡ്” അഭിനന്ദിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്
Kerala minister hails Rahul Dravid role in India T20 World Cup victory: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിന്റെ യുവജനകാര്യ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടീമിൻറെ വിജയത്തെ അഭിനന്ദിച്ച മന്ത്രി, പരിശീലകൻ രാഹുൽ ദ്രാവിഡിനെ പ്രത്യേകം പരാമർശിച്ചു. ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ രാഹുൽ ദ്രാവിഡിനെ നേരത്തെ കണ്ട വേളയിൽ അദ്ദേഹത്തോടൊപ്പം പകർത്തിയ
ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. ‘ഇന്ത്യൻ ക്രിക്കറ്റിൻ്റെ വൻമതിൽ’ എന്നാണ് മന്ത്രി, പരിശീലകൻ രാഹുൽ ദ്രാവിഡിനെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ടീമിന്റെ ഐസിസി ട്രോഫി വരൾച്ച വേളയിൽ ടീം നേരിട്ട വിമർശനങ്ങളും പരിഹാസങ്ങളും മന്ത്രി ഓർമ്മിപ്പിച്ചു. പുതുതലമുറ ക്രിക്കറ്റ് ടീമിനെ ഉയർത്തിക്കൊണ്ട് വരുന്നതിലെ രാഹുൽ ദ്രാവിഡിന്റെ പങ്കും മന്ത്രി എടുത്തു പറഞ്ഞു.
“ഇന്ത്യൻ ക്രിക്കറ്റിൻ്റെ വൻമതിൽ. ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ രാജ്യം കാത്തിരുന്ന വിജയത്തിൻ്റെ ചരിത്ര നിയോഗമായി രാഹുൽ ദ്രാവിഡ്. പുതുതലമുറ ക്രിക്കറ്റ് ടീമിനെ ഉയർത്തിക്കൊണ്ട് വരുന്നതിൽ ദ്രാവിഡിൻ്റെ പങ്ക് നമുക്ക് മറച്ചു വെക്കാൻ കഴിയുന്നതല്ല. ശാന്തമായ പെരുമാറ്റത്തിനും തന്ത്രപരമായ മനസ്സിനും പേരുകേട്ട പരിശീലകനായി മാറി ഈ സൂപ്പർ താരം. നന്ദി രാഹുൽ ദ്രാവിഡ്,” മന്ത്രി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.
ലോകകപ്പ് ടൂർണമെന്റോടെ രാഹുൽ ദ്രാവിഡ് തന്റെ പരിശീലകസ്ഥാനം ഒഴിയുകയും ചെയ്തു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ തോൽവി അറിയാതെ ഫൈനൽ വരെ എത്തിയ ഇന്ത്യൻ ടീം ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇതിന് മറുപടിയെന്നോണം ഈ ടി20 ലോകകപ്പിൽ അപരാജിതരായിയാണ് ഇന്ത്യ കിരീടം ഉയർത്തിയിരിക്കുന്നത്.