IPL franchises RCB, KKR, CSK, and RR look for captain change

ഐപിഎൽ 2025: മെഗാ ലേലത്തിന് മുന്നോടിയായി ക്യാപ്റ്റൻ മാറ്റത്തിന് തയ്യാറെടുക്കുന്ന ഫ്രാഞ്ചൈസികൾ

ഐപിഎൽ 2025-ന് തയ്യാറെടുക്കുന്ന ഫ്രാഞ്ചൈസികളിൽ പലരും അവരുടെ നായകന്മാരെ മാറ്റാൻ ഒരുങ്ങുകയാണ്. പുതിയ സീസണ് മുന്നോടിയായി മെഗാ താരലേലം നടക്കും എന്നതിനാൽ തന്നെ, കിരീട ക്ഷാമം അനുഭവിക്കുന്ന ഫ്രാഞ്ചൈസികൾ തങ്ങളുടെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉൾപ്പെടെ ഉള്ള ടീമുകൾ ക്യാപ്റ്റൻ മാറ്റത്തിന്

തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ട്രോഫി നേടാൻ ആകാത്ത ആർസിബി, ഫാഫ് ഡുപ്ലെസിസിനെ നായക സ്ഥാനത്തുനിന്ന് നീക്കി, പുതിയ ഇന്ത്യൻ ക്യാപ്റ്റനെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. അവരുടെ തന്നെ മുൻ താരമായ കെഎൽ രാഹുലിനെ നായക സ്ഥാനത്ത് എത്തിക്കാൻ ആർസിബിക്ക്‌ ആഗ്രഹമുണ്ട്. ദിനേശ് കാർത്തിക്ക് വിരമിച്ചതിനാൽ, വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കും രാഹുൽ പരിഹാരം കണ്ടെത്തും. അതേസമയം, ലക്നൗ സൂപ്പർ ജിയന്റ്സ് ഉടമ സഞ്ജീവ് ഗോയിങ്കയുമായി രാഹുൽ നേരിട്ട് കണ്ടു ചർച്ച 

നടത്തിയിരുന്നു. ഇത് രാഹുലിന് എൽഎസ്ജിയിൽ തുടരാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പുതിയ ക്യാപ്റ്റനെ തേടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആണ് കെകെആറിന്റെ ലക്ഷ്യം. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ അസ്വസ്ഥത പ്രകടമാക്കിയ മുംബൈ ഇന്ത്യൻസ് താരങ്ങളിൽ ഒരാളാണ്

സൂര്യകുമാർ യാദവ്. ഈ അവസരം മുതലെടുക്കാൻ ആണ് കെകെആർ ശ്രമിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് വിടാൻ ഒരുങ്ങുന്ന ഋഷഭ് പന്തിനായി ചെന്നൈ സൂപ്പർ കിംഗ്സ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഋതുരാജ് ഗെയ്ക്വാദിന് പകരം പന്തിനെ സിഎസ്കെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. രാജസ്ഥാൻ റോയൽസും ക്യാപ്റ്റൻസി മാറ്റത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. സഞ്ജു സാംസണ് പകരം നിലവിലെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബറ്റ്ലറെ നായക സ്ഥാനത്ത് കൊണ്ടുവരാനാണ് ആർആർ ആഗ്രഹിക്കുന്നത്. IPL franchises RCB, KKR, CSK, and RR look for captain change