വനിത ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വനിതകൾ, ഒന്നാം ദിനം ഒന്നിലധികം റെക്കോർഡുകൾ
India Women break records in test against South Africa: വനിത ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം തിരുത്തി ഇന്ത്യൻ വനിതകൾ. ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കൻ സീരിസിലെ ഏക ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം നിരവധി റെക്കോർഡുകൾ ആണ് പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 525/4 എന്ന ശക്തമായ നിലയിലാണ്. മത്സരത്തിന്റെ ഒന്നാം ദിനം ഒരു ഡബിൾ സെഞ്ച്വറിയും, ഒരു സെഞ്ച്വറിയും ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് പിറന്നു.
ഓപ്പണർമാരായ ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ചേർന്ന് റെക്കോർഡ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 292 റൺസ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് സൃഷ്ടിച്ചപ്പോൾ, അത് വനിത ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പാർട്ണർഷിപ്പ് ആയി മാറി. മാത്രമല്ല, ഇത് ആദ്യമായിയാണ് വനിത ടെസ്റ്റ് ക്രിക്കറ്റിൽ 250+ റൺസിന്റെ കൂട്ടുകെട്ട് പിറക്കുന്നത്. സ്മൃതി മന്ദാന 161 പന്തിൽ 27 ഫോറും 1 സിക്സും സഹിതം 149 റൺസ് എടുത്ത് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
അതേസമയം, ഷഫാലി വർമ്മ 194 പന്തിൽ ഡബിൾ സെഞ്ചുറി തികച്ച്, വനിത ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ ഡബിൾ സെഞ്ചുറിക്ക് ഉടമയായി. 197 പന്തിൽ 23 ഫോറും 8 സിക്സും സഹിതം 205 റൺസ് എടുത്ത ഷഫാലി മത്സരത്തിൽ റൺ ഔട്ട് ആവുകയായിരുന്നു. പിന്നീട് ക്രീസിൽ എത്തിയ ശുഭ സതീഷ് (15) വേഗത്തിൽ പുറത്തായെങ്കിലും, നാലാമതായി ക്രീസിൽ എത്തിയ ജമീമ റോഡ്രിഗസ് (55) അർദ്ധ സെഞ്ച്വറി നേടി. നിലവിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (42*), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (43*) എന്നിവരാണ് ക്രീസിൽ തുടരുന്നത്.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരം, ഒന്നാം ദിനം 98 ഓവറുകൾ കളിച്ചപ്പോൾ, നാല് വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന കൂറ്റൻ ടോട്ടലിൽ ഇന്ത്യ എത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡെൽമി ടക്കർ 2 വിക്കറ്റുകളും, നദിനെ ഡി ക്ലെർക് ഒരു വിക്കറ്റും വീഴ്ത്തി. ദീപ്തി ശർമ, പൂജ വസ്ത്രക്കർ, സ്നേഹ് റാന എന്നീ ഓൾറൗണ്ടർമാർ ഇന്ത്യൻ നിരയിൽ ഇനിയും ബാറ്റ് ചെയ്യാൻ കാത്തിരിക്കുന്നു.