ഇന്ത്യയുടെ അപരാജിത കുതിപ്പ്!! ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ
India secures semi-final spot with victory over Australia: ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ഡാരൻ സമ്മി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് കണ്ടെത്തി. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ (92) ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് (31), ശിവം ഡ്യൂബെ (28), ഹാർദിക് പാണ്ഡ്യ (27*) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ ആണ് ഇന്ത്യ കൂറ്റൻ ടോട്ടൽ കണ്ടെത്തിയത്. ഓസ്ട്രേലിയൻ ബൗളർമാരിൽ മിച്ചൽ സ്റ്റാർക്, സ്റ്റോയ്നിസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ. ഓസ്ട്രേലിയൻ നിരയിൽ ട്രെവിസ് ഹെഡ് (76) മികച്ച പ്രകടനം കാഴ്ചവച്ചു. മിച്ചൽ മാർഷും (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഇന്ത്യൻ ബൗളർമാരിൽ അർഷദീപ് സിംഗ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ് 2 വിക്കറ്റുകൾ വീഴ്ത്തി. ഈ വിജയത്തോടെ സൂപ്പർ 8-ലെ 3 മത്സരങ്ങളും വിജയിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് 1-ൽ നിന്നെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ആണ് ഇന്ത്യ സെമി ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ഇതോടെ സെമി ഫൈനലിൽ ഗ്രൂപ്പ് 2-ലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ – ഇംഗ്ലണ്ട് ആവേശകരമായ സെമി ഫൈനലിന് കാത്തിരിക്കാം.
INDIA vs ENGLAND IN THE T20I WORLD CUP SEMI-FINAL ON JUNE 27…!!! 🇮🇳
— Johns. (@CricCrazyJohns) June 24, 2024
– All the best, Rohit & his boys. pic.twitter.com/HByo91mPlD
അതേസമയം, ഇന്ത്യയോട് ഏറ്റ തോൽവിയോടെ ഓസ്ട്രേലിയയുടെ ഭാവി പരുങ്ങലിൽ ആയി. നിലവിൽ 3 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ഓസ്ട്രേലിയ നേടിയത്. നാളെ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ – ബംഗ്ലാദേശ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയം നേടിയാൽ, ഓസ്ട്രേലിയ പുറത്തു പോവുകയും അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്യും. അല്ലാത്തപക്ഷം, റൺറേറ്റിന്റെ അടിസ്ഥാനത്തിൽ നാലാം സെമി ഫൈനലിസ്റ്റിനെ അറിയാം.