ഐസിസി റാങ്കിങ് പുതുക്കി: ഇന്ത്യൻ യുവ താരങ്ങൾക്ക് മുന്നേറ്റം, ചില താരങ്ങൾക്ക് ഞെട്ടിക്കുന്ന തിരിച്ചടി
ICC men’s player rankings updated 2024 July: പുതുക്കിയ ഐസിസി വേൾഡ് റാങ്കിംഗ്സ് പ്രസിദ്ധീകരിച്ചു. സമീപകാലത്തായി ടി20 ലോകകപ്പ് ടൂർണമെന്റ് നടന്നതിനാൽ, ഐസിസി ടി20 റാങ്കിംഗിൽ ആണ് കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. അതേസമയം, സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം തുടരുന്ന ഇന്ത്യൻ ബാറ്റർ ഋതുരാജ് ഗെയ്ക്വാദ് റാങ്കിംഗിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി. 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നേറിയ
ഋതുരാജ് ഗെയ്ക്വാദ്, ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ 7-ാം സ്ഥാനത്ത് എത്തിനിൽക്കുന്നു. ഏറെക്കാലമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സൂര്യകുമാർ യാദവ് ലോകകപ്പ് നടക്കുന്ന വേളയിൽ തന്നെ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. അദ്ദേഹം ഇപ്പോഴും അതെ സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയൻ ബാറ്റർ ട്രെവിസ് ഹെഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം ഇന്ത്യൻ താരം യശാവി ജയിസ്വാൾ 3 സ്ഥാനങ്ങൾ താഴോട്ട് ഇറങ്ങി 10-ാം സ്ഥാനത്തായി.
രോഹിത് ശർമ്മ ഒരു സ്ഥാനം പിറകോട്ട് ഇറങ്ങി 37-ൽ എത്തിയപ്പോൾ, റിങ്കു സിംഗ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39-ൽ എത്തി. ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി 3 സ്ഥാനങ്ങൾ പിറകോട്ട് ഇറങ്ങി 41-ലേക്ക് താഴ്ന്നു. അതേസമയം, ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ, ശുഭ്മാൻ ഗിൽ രണ്ടും, വിരാട് കോഹ്ലി മൂന്നും സ്ഥാനത്ത് തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി രോഹിത് ശർമ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മലയാളി ബാറ്റർ സഞ്ജു സാംസൺ ഒരു റാങ്കിങ്ങിലും ആദ്യ 100-ൽ ഇടം നേടിയില്ല.
ബൗളർമാരുടെ പട്ടികയിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ജസ്‌പ്രീത് ബുമ്ര എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുമ്പോൾ, ഏകദിന ക്രിക്കറ്റിൽ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് തുടരുന്നു. ടി20 ക്രിക്കറ്റിൽ അക്സർ പട്ടേൽ (9) മാത്രമാണ് ബൗളർമാരിൽ ആദ്യ പത്തിൽ ഇടം നേടിയിരിക്കുന്നത്. ഐസിസി ടി20 ലോകകപ്പ് 2024 പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര ടി20 റാങ്കിങ്ങിൽ 2 സ്ഥാനം താഴോട്ട് ഇറങ്ങി 14-ാം സ്ഥാനത്ത് ആയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു.