ലോകകപ്പ് സെമി ഫൈനൽ പ്രവേശനത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം, ഓസ്ട്രേലിയയുടെ ഫലം നിർണ്ണായകം

How India will qualify for the T20 World Cup semifinals

How India will qualify for the T20 World Cup semifinals: ടി20 ലോകകപ്പിൽ ഇന്ത്യ അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഏറ്റവും ഒടുവിൽ സൂപ്പർ 8-ലെ രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു. 50 റൺസ് വിജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്. നേരത്തെ അഫ്ഗാനിസ്ഥാനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴും സെമിഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 

സൂപ്പർ 8-ലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ 8 ഗ്രൂപ്പ്‌ 1-ൽ നിലവിൽ കളിച്ച രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കളിച്ച ഒരു മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചിരുന്നു, അവരാണ് നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. അതേസമയം അഫ്ഗാനിസ്ഥാൻ കളിച്ച ഒരു മത്സരത്തിൽ പരാജയം നേരിടുകയാണ് ചെയ്തത്. ഇന്ത്യയോട് പരാജയപ്പെട്ടതോടെ, ബംഗ്ലാദേശ് സൂപ്പർ 8-ൽ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയും, 

ലോകകപ്പിൽ നിന്ന് സെമി ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു. എന്നാൽ, നിലവിലെ മത്സരഫലങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് 1-ൽ മൂന്ന് ടീമുകൾക്ക് സെമി ഫൈനൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ത്യക്ക്‌ പുറമേ ഓസ്ട്രേലിയ, അഫ്‌ഘാനിസ്ഥാൻ എന്നീ ടീമുകൾക്കും സെമി ഫൈനൽ സ്‌പോട്ട് ഉറപ്പിക്കാൻ ഇപ്പോഴും സാധ്യത ഉണ്ട്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 6 മണിക്ക് നടക്കാനിരിക്കുന്ന ഓസ്ട്രേലിയ – അഫ്‌ഘാനിസ്ഥാൻ മത്സരഫലം ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനത്തിൽ നിർണായകമാകും. 

അഫ്‌ഘാനിസ്ഥാൻ ഓസ്ട്രേലിയയോട് പരാജയപ്പെട്ടാൽ, ഗ്രൂപ്പ്‌ 1-ൽ നിന്ന് ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കും. അതേസമയം, അഫ്‌ഘാനിസ്ഥാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്ന സാഹചര്യം വന്നാൽ, ഇന്ത്യക്ക്‌ സൂപ്പർ 8-ലെ തങ്ങളുടെ അവസാന മത്സരമായ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മത്സരം നിർണാകമാകും. ടി20 ലോകകപ്പ് അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ആവേശകരമാകുന്ന കാഴ്ചയാണ് കാണുന്നത്.