അർജന്റീന, ജർമ്മനി, ജപ്പാൻ മുതൽ ലോകകപ്പ് സെമി വരെ!! അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഒരു ദശകം കൊണ്ടുവന്ന മാറ്റം
From underdogs to semi-finalists Afghanistan T20 World Cup journey: ക്രിക്കറ്റ് ലോകത്തെ കുഞ്ഞൻ ടീം, അവർ കുറേ അത്ഭുതങ്ങൾ കാണിക്കുന്നു, ഇങ്ങനെ ഉള്ള വിശേഷണങ്ങളിൽ നിന്ന് ഏഷ്യയിലെ രണ്ടാം നിരക്കാർ എന്ന ശീർഷകത്തിലേക്ക് ഉയർന്ന അഫ്ഗാനിസ്ഥാൻ, ലോക ക്രിക്കറ്റിന്റെ ടോപ് 4 പദവി അലങ്കരിച്ചുകൊണ്ടാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അർജന്റീന, ജർമ്മനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ ടീമുകൾ ആയിരുന്നു
ഒരു ദശാബ്ദം മുമ്പ് വരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നേരിട്ടിരുന്ന സ്ഥിരം എതിരാളികൾ. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അവർ ഒരുപാട് മുന്നോട്ട് പോയി. 2024 ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ എത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ഒഴികെ ക്രിക്കറ്റ് ലോകത്തുനിന്ന് ആരും പ്രവചിച്ചില്ല, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അഫ്ഗാനിസ്ഥാൻ പുറത്താകും എന്ന് പറഞ്ഞ് പലരും എഴുതി തള്ളി. എന്നാൽ, ഇതിലൊന്നും നിരുത്സാഹപ്പെടാതെ അഫ്ഗാനിസ്ഥാൻ അവരുടെ പാത വെട്ടിത്തളിച്ച് മുന്നേറി.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെയും, തുടർന്ന് ഓസ്ട്രേലിയെയും പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ എത്തി. ദിവസങ്ങൾക്ക് മുൻപ് ലോകകപ്പ് എന്ന നേട്ടം അഫ്ഗാനിസ്ഥാൻ എന്ന ടീമിനെ സംബന്ധിച്ചിടത്തോളം വളരെ ദൂരത്താണ് എന്ന് പ്രവചിച്ചവർക്ക് എല്ലാവർക്കും തന്നെ, ഇന്ന് ലോകകപ്പിലേക്കുള്ള പാലത്തിന്റെ ദൂരം തങ്ങൾക്ക് എത്രമാത്രം അരികിലാണെന്ന് കാണിച്ചുകൊടുത്താണ് അഫ്ഗാനിസ്ഥാൻ മടങ്ങുന്നത്.
അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ പ്രകടനം എത്ര വിരോചിതവും ചരിത്രപരവും ആണെന്ന് ക്രിക്കറ്റ് ലോകത്തിന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കളിക്കളത്തിന് പുറത്ത് അവർക്ക് ആയിരം പ്രശ്നങ്ങൾ ഉണ്ടാകാം, എന്നാൽ മൈതാനത്ത് ഇറങ്ങുന്ന ഈ 11 അഫ്ഗാൻ പോരാളികൾ, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷയിലും ശക്തിയിലും പരിവർത്തനം ചെയ്തതായി തോന്നിപ്പോകുന്നു. ജീവിതത്തോടു മല്ലടിക്കുന്ന ഒരു ജനതയ്ക്ക്, ഒരു രാജ്യത്തിന് സ്വപ്നം കാണാനുള്ള കഴിവ് നൽകിയ റാഷിദ് ഖാന്റെയും കൂട്ടരുടെയും ഏറ്റവും വലിയ വിജയമാണ് ഇത്.