സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിൽ കളിച്ച മുൻ ഐപിഎൽ താരങ്ങൾ ഇനി കേരള ക്രിക്കറ്റ് ലീഗിൽ
പ്രഥമ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താര ലേലം ഇന്ന് നടക്കുകയുണ്ടായി. കേരളത്തിലെ പ്രാദേശിക താരങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നത്. 2 ലക്ഷം, 1 ലക്ഷം, 50000 എന്നിങ്ങനെ മൂന്ന് സാലറി കാറ്റഗറിയിൽ ആയി ആണ് കളിക്കാരെ താരലേലത്തിന് വേർതിരിച്ചിരുന്നത്. എന്നാൽ, ഫ്രാഞ്ചൈസികൾ
അവർക്ക് ആവശ്യമായ കളിക്കാർക്ക് വേണ്ടി പരസ്പരം മത്സരിച്ചപ്പോൾ വലിയ തുക പല കളിക്കാരും വിറ്റു പോയത്. കേരള ക്രിക്കറ്റ് ലീഗിനെ സംബന്ധിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ ഇങ്ങനെ പറഞ്ഞിരുന്നു, “ഇതുവരെ എട്ടോളം കേരള താരങ്ങൾ ഐപിഎൽ കളിച്ചിട്ടുണ്ട്. സ്റ്റാർ സ്പോർട്സ് ആണ് നമ്മുടെ കേരള ക്രിക്കറ്റ് ലീഗ് സംപ്രേഷണം ചെയ്യുന്നത്. ഇത് ലോകത്തിന് മുന്നിൽ കേരള ക്രിക്കറ്റ് താരങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണ്. ഇതുവഴി അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ, എട്ടോ പത്തോ കേരള താരങ്ങൾ കൂടി
ഐപിഎല്ലിൽ എത്തുകയും, അതിൽനിന്ന് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്യും എന്ന് ഞാൻ കരുതുന്നു.” അതേസമയം, നേരത്തെ ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങൾക്ക് കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ വലിയ വിലയാണ് ലഭിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും, രാജസ്ഥാൻ റോയൽസിന് വേണ്ടിയും കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളർ ആസിഫ് കെഎം-നെ കൊല്ലം സൈലേഴ്സ് ആണ് സ്വന്തമാക്കിയത്. 5.2 ലക്ഷം രൂപയാണ് താരത്തിന് വേണ്ടി കൊല്ലം ചെലവഴിച്ചത്.
മുൻപ് രാജസ്ഥാൻ റോയൽസ് സ്ക്വാഡിൽ ഉണ്ടായിരുന്ന മലയാളി റൗണ്ടർ അബ്ദുൽ ബാസിത്, കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന്റെ ഐക്കൺ താരമാണ്. ഇദ്ദേഹം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് സ്ക്വാഡിൽ അംഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ പരിചയ സമ്പന്നരായ താരങ്ങളും, യുവ താരങ്ങളും എല്ലാം മികച്ച തുകക്കാണ് താര ലേലത്തിൽ വിറ്റു പോയത്. തീർച്ചയായും ഇത് മലയാളി താരങ്ങളെ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടാൻ സഹായിക്കും. Former IPL stars Abdul Basith and Asif joins Kerala cricket league