“പക എന്തിനു മണിയോടു തീർത്തു” കലാഭവൻ മണിയുടെ ഓർമ്മദിനത്തിൽ സംവിധായകന്റെ കുറിപ്പ്
Director Vinayan says Kalabhavan Mani face a lot of neglect: അനായാസമായ അഭിനയത്തിലൂടെയും അവിസ്മരണീയമായ നാടൻ പാട്ടുകളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ അവശേഷിച്ച ബഹുമുഖ കലാകാരന് കലാഭവൻ മണിയുടെ മായാത്ത അടയാളം പ്രതിഫലിപ്പിച്ചുകൊണ്ട് സംവിധായകൻ വിനയൻ അദ്ദേഹത്തിൻ്റെ അനുസ്മരണ ദിനത്തിൽ അദ്ദേഹത്തെ സ്നേഹപൂർവ്വം സ്മരിച്ചു.
മണിയുടെ മരണത്തിന് ശേഷവും തുടരുന്ന അവഗണനയിൽ വിലപിച്ചുകൊണ്ട് വിനയൻ അവരുടെ ബന്ധത്തിൽ നിന്നുള്ള പ്രിയപ്പെട്ട കഥകൾ പങ്കുവെച്ചു. “മണി വിടപറഞ്ഞിട്ട് എട്ടു വർഷം, സ്മരണാഞ്ജലികൾ. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിൻറെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി.
കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എൻറെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു.
വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്ന കഥാപാത്രവും ഒക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എൻറെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പ്രരികരിക്കേണ്ടി വന്നിട്ടുണ്ട്.
അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. മലയാള സിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിൻെറ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ. ഈയ്യിടെ ആഘോഷ പൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ? അവിടെ വിവിധ നടൻമാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷേ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല,” വിനയൻ പങ്കുവെച്ച കുറിപ്പിലെ പ്രധാന ഭാഗങ്ങൾ.