ലോകകപ്പിൽ ചരിത്രം പിറന്നു!! അഫ്ഗാനിസ്ഥാൻ സെമി ഫൈനലിൽ, ഓസ്‌ട്രേലിയ പുറത്ത്
Bangladesh vs Afghanistan T20 World cup: അവസാന നിമിഷം വരെ ആവേശവും ആകാംക്ഷയും നിറഞ്ഞുനിന്ന അഫ്ഗാനിസ്ഥാൻ – ബംഗ്ലാദേശ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ലോകകപ്പ് സെമി ഫൈനലിൽ ഇടം ഉറപ്പിച്ച് അഫ്ഗാനിസ്ഥാൻ. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരം, അത്യന്തം നാടകീയത നിറഞ്ഞതായിരുന്നു. ഗംഭീര ബൗളിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെ ജയത്തിലേക്ക് നയിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ, 20 ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടത്തിൽ 115 റൺസ് ആണ് കണ്ടെത്തിയത്. 55 പന്തിൽ 43 റൺസ് എടുത്ത റഹ്മാനുള്ള ഗുർബാസ് ആണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്കോറർ. 10 ബോളിൽ 3 സിക്സറുകളുടെ അകമ്പടിയിൽ 19* റൺസുമായി റാഷിദ് ഖാൻ പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ടാസ്കിൻ അഹ്മദ്, ശാക്കിബ് അൽ ഹസ്സൻ, മുസ്തഫിസുർ റഹ്മാൻ എന്നിവരെല്ലാം തന്നെ റൺ വിട്ടു കൊടുക്കുന്നതിൽ പിശുക്ക് കാട്ടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ വേണ്ടി ഓപ്പണർ ലിറ്റൺ ദാസ് (54*) മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. മുഴുവൻ മത്സരവും ക്രീസിൽ തുടർന്ന് അർദ്ധ സെഞ്ച്വറി നേടിയ ലിറ്റൺ ദാസ് ഒഴികെ രണ്ട് ബാറ്റർമാർ മാത്രമാണ് സ്വന്തം സ്കോർബോർഡിൽ രണ്ട് അക്കം കണ്ടത്. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരം, 19 ഓവർ ആക്കി ചുരുക്കിയിരുന്നു. 17.5 ഓവറിൽ ബംഗ്ലാദേശ് 105 റൺസിന് ഓൾഔട്ട് ആയി.
AFGHANISTAN HAVE DONE IT 🔥.
— Sports Production (@SportsProd37) June 25, 2024
They beat Bangladesh and are through to the semi final for the first time ever 🔥🔥❤️❤️❤️.#iccworldcup #afghan pic.twitter.com/weEN7B49m5
അഫ്ഗാനിസ്ഥാൻ ബൗളർമാരിൽ റാഷിദ് ഖാൻ, നവീൻ ഉൽ ഹഖ് എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. നവീൻ ഉൽ ഹഖ് ആണ് പ്ലെയർ ഓഫ് ദി മാച്ച്. ഈ മത്സര ഫലത്തോടെ അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുകയും, ഓസ്ട്രേലിയ 2024 ടി20 ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. സൗത്ത് ആഫ്രിക്ക ആയിരിക്കും സെമി ഫൈനലിൽ അഫ്ഗാനിസ്ഥാന്റെ എതിരാളികൾ.