“ഇന്നും പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നു” നടൻ ജെയിംസിന്റെ മകൻ കുറിപ്പ് എഴുതുന്നു
Actor James birth anniversary son shares a note and movie video : നിരവധി മലയാള സിനിമകളിൽ അനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ജെയിംസ്. ‘മീശ മാധവൻ’ലെ പട്ടാളം പുരുഷു, ‘അരം + അരം = കിന്നരം’ത്തിലെ മെക്കാനിക്, ‘ഒരു മറവത്തൂർ കനവ്’ലെ കുട്ടപ്പായി എന്നിങ്ങനെ ജെയിംസ് അവതരിപ്പിച്ച നിരവധി
കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും നിലകൊള്ളുന്നു. അതുകൊണ്ട് തന്നെയാവണം, ജെയിംസ് അന്തരിച്ചിട്ട് 16 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു എന്ന യാഥാർത്ഥ്യം മലയാള സിനിമ പ്രേമികൾക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്തത്. ഇന്ന്, ഒക്ടോബർ 16, ജയിംസിന്റെ ജന്മവാർഷികം. അദ്ദേഹത്തിന്റെ മകൻ ജിക്കു ജെയിംസ് സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെക്കുകയുണ്ടായി. അത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
“ഒക്ടോബർ- 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രേയുമായിട്ടും മലയാളികളുടെ മനസ്സിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ,” ജിക്കു ജെയിംസ് തന്റെ വാക്കുകൾ തുടർന്നു. “ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു.
ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു,” എഴുതി. “സ്വർഗ്ഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയ്യാറാക്കി എന്ന് വേണം കരുതാൻ,” ജിക്കു കൂട്ടിച്ചേർത്തു. 1985-ൽ പുറത്തിറങ്ങിയ ‘ചിദംബരം’ എന്ന ചിത്രത്തിലെ ഒരു രംഗവും അദ്ദേഹം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. ജെയിംസിനൊപ്പം ഭരത് ഗോപി, മുരളി, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരെയെല്ലാം ഈ സിനിമ രംഗത്ത് കാണാൻ സാധിക്കുന്നു.